കൊച്ചി: നവകേരള സദസിനിടെ സി.പി.എം പ്രവർത്തകനെ ഡി.വൈ.എഫ്.ഐക്കാർ ആളുമാറി മർദ്ദിച്ചതായി പരാതി. തമ്മനം സ്വദേശി റെയീസിനാണ് മർദ്ദനമേറ്റത്. സി.പി.എം തമ്മനം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് താനെന്നും സംഭവത്തിൽ പാർട്ടിക്ക് പരാതി നൽകുമെന്നും റെയീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
മറൈൻ ഡ്രൈവിൽ വെള്ളിയാഴ്ച രാത്രി എറണാകുളം മണ്ഡലത്തിലെ നവകേരള സദസ് നടക്കുമ്പോഴാണ് സംഭവം. വേദിക്ക് സമീപം പ്രതിഷേധ ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ച് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഡി.എസ്.എ) രണ്ട് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവച്ച് മർദ്ദിച്ചിരുന്നു. ഇവരെ പൊലിസ് ഇടപെട്ട് നീക്കുന്നതിനിടെ പിന്തുടർന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെയും തല്ലുകയായിരുന്നെന്ന് റെയീസ് പറയുന്നു.റെയീസ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
ഡി.എസ്.എ പ്രവർത്തകരായ ഹനീഫും റിജാസും കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നവകേരള സദസിൽ പ്രതിഷേധിച്ചതിന് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു.
“പൊലീസ് കസ്റ്റഡിയിലെടുത്ത എന്നെ ബ്രാഞ്ച് സെക്രട്ടറിയെത്തിയാണ് ജാമ്യത്തിലെടുത്തത്. ഒന്നരവർഷം മുൻപാണ് പാർട്ടിയംഗമായത്. അടികൊള്ളാനായി ഇനി പാർട്ടിയിലേക്കില്ല” – റെയീസ് ഒരു മാദ്ധ്യമത്താേട് പറഞ്ഞു.