കൊച്ചി: നവകേരള സദസ്സിനു പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരസ്യങ്ങളിലൂടെ വിഭവസമാഹരണം നടത്താനുള്ള സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയതിരുന്നു.
പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗനിർദേശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. പണം നേരിട്ടോ റസീറ്റ് നൽകിയോ പിരിക്കാൻ പാടില്ലെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും സ്പോൺസർഷിപ്പിലൂടെ വിഭവസമാഹരണം നടത്താനാണു പറഞ്ഞിട്ടുള്ളതെന്നുമാണ് സർക്കാർ വിശദീകരണം.
നവകേരള സദസ്സില്‍ ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വിലക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ടായിരുന്നു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
അതേസമയം, നവകേരള സദസ്സിന്‍റെ കൊല്ലം ജില്ലയിലെ പര്യടനം തുടരുകയാണ്. കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിലാണ് മന്ത്രിസഭ ഇന്ന് പര്യടനം നടത്തുന്നത്. പൗരപ്രമുഖന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം രാവിലെ കൊല്ലം ടൗണിൽ നടക്കും. ഗവർണർക്കെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിലടക്കം മുഖ്യമന്ത്രിയുടെ പ്രതികരണം രാവിലെ വാർത്താസമ്മേളനത്തിൽ ഉണ്ടായേക്കും.