തിരുവല്ല: നവകേരള സദസിനായി തിരുവല്ല അവസാനവട്ട ഒരുക്കത്തിൽ. ശനിയാഴ്ച വൈകീട്ട് ആറിന് തിരുവല്ല നിയമസഭ മണ്ഡലത്തിലെ നവകേരള സദസ്സ് എസ്.സി.എസ് ഹയർ സെക്കൻറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ ആദ്യത്തെ സദസ്സും ഇവിടെയാണ്.
കാൽലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ തയാറായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമായി പ്രധാന വേദിയും ഒരുങ്ങി. ട്രയൽ റൺ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. പ്രധാന വേദിക്കരികിലായി 20 കൗണ്ടറുകൾ തുറക്കും.
രണ്ട് കൗണ്ടറുകൾ സ്ത്രീകൾക്കും രണ്ട് കൗണ്ടറുകൾ മുതിർന്ന പൗരന്മാർക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ളതാണ്.14 കൗണ്ടറുകളിൽ ജനറൽ വിഭാഗത്തിനും നിവേദനങ്ങൾ നൽകാം.
ഉച്ചക്ക് 2.30 ന് കലാപരിപാടികൾ ആരംഭിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് അര മണിക്കൂർ മുമ്പുവരെ കലാപരിപാടികൾ തുടരും. മന്ത്രിമാരും മുഖ്യമന്ത്രിയും സംസാരിക്കുമ്പോൾ നിവേദനങ്ങൾ സ്വീകരിക്കുന്നത് നിർത്തിവക്കും. നിയമസഭ മണ്ഡലത്തിലെ 192 വാർഡുകളിൽ നിന്ന് ആളുകൾ സദസ്സിലേക്ക് എത്തിച്ചേരും. ഇതിനാവശ്യമായ വാഹന ക്രമീകരണങ്ങളെല്ലാം പൂർത്തിയായി.
വാർഡുതല സംഘാടക സമിതികളും പഞ്ചായത്തുതല സംഘാടക സമിതി യോഗങ്ങളും അവസാനവട്ട തയാറെടുപ്പിലാണ്. വാർഡുകളിലാകെ 1152 വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിച്ചു. വ്യാഴാഴ്ച എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അസംബ്ലി തലസംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ചെയർമാൻ മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷനായി. കൺവീനറും സബ് കലക്ടറുമായ സഫ്ന നസറുദീൻ അവസാന ഒരുക്കങ്ങൾ വിശദീകരിച്ചു.