തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞു. പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചാണ് ബസിന് നേരെ ഷൂ ഏറുണ്ടായത്, സംഭവത്തിൽ നാല് കെ.എസ്.യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറിനൊക്കെ പോയാൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
പെരുമ്പൂവൂരിലെ നവകേരള സദസി കഴിഞ്ഞ് കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഓടക്കാലിയിൽ വച്ച് രണ്ട്മൂന്നുതവണ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞു. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. പൊലീസ് ഇവരെ ലാത്തി വീശി ഓടിക്കുകയും പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു,
കോതമംഗലത്തെ പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി സംഭവത്തിൽ പ്രതികരിച്ചു. ബസിന്റെ മുന്നിൽ ചാടിയ അനുഭവം മുൻപ് പങ്കുവച്ചതാണ് . പിന്നീട് ആവർത്തിക്കുന്നത് കണ്ടില്ല. ഇന്ന് വരുമ്പോൾ ബസിന് നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയതെന്ന് മനസിലാകുന്നില്ല.
ഇതിനെ മറ്റൊരു രീതിയിലേക്ക് മാറ്റാനുള്ള ഗൂഢാദ്ദേശമാണ് . നവകേരള സദസിൽ പങ്കെടുക്കാൻ വരുന്ന ആളുകൾ എല്ലാം കൂടി ശക്തമായി ഊതിയാൽ കരിങ്കൊടിയായിട്ട് വരുന്നയാളും എറിയാനായി വരുന്നയാളും പറന്നുപോകുമെന്നാണ് അവസ്ഥ. എന്നാൽ ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടികൾ തുടരുമല്ലോ. നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല പറയുന്നത്. സാധാരണ നിലയിലുള്ള നടപടികളിലേക്ക് കടക്കുമല്ലോ. അപ്പോൾ പിന്നെ വല്ലാതെ വിലപിച്ചിട്ടൊന്നും കാര്യമില്ല. അതിന്റേതായ നടപടികൾ സ്വാഭാവികമായി സ്വീകരിക്കേണ്ടതായി വരും. ഇതി നാടിന് തന്നെ ഒരു വെല്ലുവിളിയാണ് എന്ന കാര്യം ഇത്തരക്കാർ മനസിലാക്കണം. ഈ പരിപാടി ആർക്കെങ്കിലും എതിരെ സംഘടിപ്പിച്ച പരിപാടിയല്ല. എല്ലാവർക്കും വേണ്ടിയുള്ള പരിപാടിയാണ്. നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പരിപാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.