തൃശൂർ: വർഷങ്ങളായിട്ടും ദേശീയ കുടുംബക്ഷേമ പദ്ധതി അപേക്ഷകളിൽ നടപടിയെടുക്കാതെ കേന്ദ്രസർക്കാർഅപേക്ഷകളിൽ നടപടിയെടുക്കാതെ കേന്ദ്രസർക്കാർ. സംസ്ഥാനത്ത് പെൻഷൻ കുടിശ്ശിക നാല് മാസം പിന്നിട്ട ചർച്ച മുറുകുമ്പോഴാണ് എട്ട് വർഷമായിട്ടും അപേക്ഷകളോട് കേന്ദ്രം മുഖം തിരിഞ്ഞിരിക്കുന്നത്. തൃശൂർ താലൂക്കിൽ മാത്രം 1577 കുടുംബങ്ങളാണ് ദേശീയ കുടുംബ ക്ഷേമ പദ്ധതിയിൽ സഹായം തേടി അപേക്ഷ നൽകി കാത്തിരിക്കുന്നതെന്ന് ഔദ്യോഗിക രേഖയിൽ വ്യക്തമാക്കുന്നു. ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരം തൃശൂർ താലൂക്കിൽ ലഭ്യമായ അപേക്ഷകളിൽ അർഹതപ്പെട്ട 1572 അപേക്ഷകർക്ക് 3,14,40,000 രൂപയാണ് അനുവദിക്കാനുള്ളതെന്നും ഫണ്ട് ലഭ്യമായിട്ടില്ലാത്തതിനാൽ തുക അനുവദിച്ചിട്ടില്ലെന്നും തൃശൂർ താലൂക്ക് ഓഫിസിൽ നിന്നും മനുഷ്യാവകാശ സംഘടനയായ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി സതീഷിന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
2016ലാണ് അവസാനമായി കേന്ദ്രസർക്കാർ 21 ലക്ഷം രൂപ അനുവദിച്ചതെന്നും മറുപടിയിൽ പറയുന്നു. കുടുംബത്തിലെ ആശ്രയമായ അന്നദാതാവ് മരിച്ചാൽ മരണകാരണം പരിഗണിക്കാതെ ദുഃഖിതരായ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതാണ് ദേശീയ കുടുംബ ക്ഷേമ പദ്ധതി. മരിച്ചുപോയ ദരിദ്രരുടെ വീട്ടിലെ ജീവിച്ചിരിക്കുന്ന ഒരു പ്രധാന അംഗത്തിന് 20000 കുടുംബ ആനുകൂല്യം നൽകും. താലൂക്ക് വില്ലേജ് ഓഫിസുകൾ മുഖേനയാണ് പ്രാദേശിക അന്വേഷണം നടത്തുക. 18 വയസിന് മുകളിലും 60 വയസിന് താഴെയുള്ള സമയത്തായിരിക്കണം മരണമെന്നുമാണ് ചട്ടം.