തളിപ്പറമ്പ്: അലോപ്പതിയോ ആയുർവേദമോ ഹോമിയോപ്പതിയോ ഏതാണ് ഒന്നിനൊന്ന് മെച്ചപ്പെട്ടതെന്ന് മത്സരിച്ച് പറയേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദൻ. പരിയാരം പഞ്ചായത്ത് ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് തിരുവട്ടൂരിൽ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിന് എതിരായി മോഡേൺ മെഡിസിനുമായി ബന്ധപ്പെട്ടവർ പ്രചാരണം നടത്തുന്നുണ്ട്.
ആയുർവേദത്തിന് ശാസ്ത്രീയതയില്ല അത് മോഡേൺ മെഡിസിനുമാത്രമേയുള്ളുവെന്നുമാണ് അവരുടെ പ്രചരണം. അത്തരത്തിലുള്ള പ്രചാരണം ശരിയല്ല. മോഡേൺ മെഡിസിനിൽ എത്രയോ കാലമായി ചികിത്സ നടത്തിയിട്ടും മാറാത്ത രോഗങ്ങൾ ആയുർവേദ ചികിത്സയിലൂടെ മാറ്റിയിട്ടുണ്ട്. എന്നാൽ ഇത് എങ്ങിനെ സാധിക്കുന്നുവെന്ന് ആയുർവേദ വിദഗ്ദർക്ക് വിശദീകരിക്കാൻ സാധിക്കുന്നില്ല.
അത്തരത്തിലുള്ള ഒരു നവീകരണം ആയുർവേദത്തിൽ നടക്കുന്നില്ല എന്നത് വിമർശനാത്മകമാണ്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ഗുണവും ദോഷവും ഉണ്ട്. അത് തിരിച്ചറിഞ്ഞ് ഏത് ചികിത്സയും ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും എം.എൽ.എ പറഞ്ഞു.
കിടത്തിച്ചികിത്സ ഉൾപ്പെടെ ഒരുക്കുന്നതിന് മൂന്നുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത്. ഇതിനാവശ്യമായ 50 സെന്റ് സ്ഥലം തിരുവട്ടൂർ ജമാഅത്ത് കമ്മിറ്റിയാണ് സൗജന്യമായി നൽകിയത്.