തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മൂന്ന് ആളുകൾ ചേർന്ന് കരിങ്കൊടിയുമായി വണ്ടിക്ക് മുമ്പിൽ ചാടൽ അല്ല പ്രതിഷേധം. അത് ആത്മഹത്യാ ശ്രമമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ചാവേറുകളെപ്പോലെ രണ്ടോ മൂന്നോ ആളുകൾ വാഹനത്തിന്റെ മുന്നിലേക്ക് ചാടി വീഴുകയാണ്. അത് വളരെ ബോധപൂർവം ചെയ്ത കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മുന്നോട്ടുപോകാനാണ് സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും തീരുമാനമെന്ന് ഗോവിന്ദൻ പറഞ്ഞു.
നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ജനം സ്വീകരിച്ചില്ല. പരിപാടിക്ക് വൻ ജനപിന്തുണ ലഭിച്ചതോടെ അതിനെ അട്ടിമറിക്കാൻ ഭീതി സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സർക്കാർ ഇത്തരമൊരു പരിപാടി നടത്താൻ തീരുമാനമെടുത്തത് തന്നെ ബൂർഷ്വാ പാർട്ടികളുടെയും വലതുപക്ഷ മാദ്ധ്യമങ്ങളുടെയും കള്ള പ്രചാരണം തുറന്നുകാണിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണടച്ച് ഇടതുപക്ഷ , സർക്കാർ വിരുദ്ധ, മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് മാദ്ധ്യമങ്ങൾ സ്വീകരിക്കുന്നത്. അതുപോലെ എന്തുപറയാനും മടിക്താത്ത നിലപാടാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. അവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പദപ്രയോഗങ്ങൾ തന്നെ അതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ തെറിവിളിക്കുകയെന്നത് കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്യുക എന്നതാണ് ആ സിദ്ധാന്തത്തിന്റെ ഒന്നാമത്തെ കാര്യമെന്നും ഗോവിന്ദൻ പറഞ്ഞു. കനുഗോലു സിദ്ധാന്തം കേരളത്തിൽ നടപ്പാക്കാൻ തീരുമാനിച്ചാൽ അതിന് സാധിക്കുന്ന ഒരു സംസ്ഥാനമല്ല കേരളം എന്ന് നിങ്ങൾ വേഗം തന്നെ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു,