വയനാട്: മുട്ടിൽ മരംമുറിയിലെ വനംവകുപ്പ് കേസുകളില്‍ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത് വീണ്ടും ചർച്ചയാകുന്നു. വനംവകുപ്പ് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാത്തത് പൊലീസിന് കേസിന് തിരിച്ചടിയാകുന്നതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയതോടെയാണ് പുതിയ ചർച്ച ഉയർന്നത്. വനംവകുപ്പ് കേസുകളിലെ കുറ്റപത്രം പൊലീസ് കേസില്‍ പ്രസക്തമല്ലെന്നാണ് വനം വകുപ്പ് നിലപാട്.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇത് പൊലീസ് കേസുകളെ ബാധിക്കുമെന്നാണ് സ്പെഷൽ പബ്ലിക് പ്രോസിക്യട്ടർ അഡ്വ. ജോസഫ് മാത്യു പറയുന്നത്.
ആറുമാസം തടവും 500 രൂപ പിഴയും ലഭിക്കാവുന്ന നിസ്സാര കുറ്റങ്ങളാണ് വനംവകുപ്പ് പ്രകാരമുള്ളതെന്നും അതിന്റെ കുറ്റപത്രം വൈകുന്നതിന് പ്രസക്തില്ലെന്നുമാണ് വനംവകുപ്പിന്റെ വാദം. ഈ വാദത്തെയും തള്ളുന്നുണ്ട് മുട്ടിൽ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ശിക്ഷയല്ല, പ്രതികൾ കുറ്റം ചെയ്തു എന്ന് കോടതിയിൽ സ്ഥാപിക്കലാണ് പ്രധാനം എന്നാണ് പ്രോസിക്യൂട്ടർ പറയുന്നത്. പ്രതികൾ കുറ്റം ചെയ്തു എന്ന് സ്ഥാപിക്കാതിരിക്കുന്നതോടെ പൊലീസ് കേസ് ദുർബലമായി മാറുകയാണ് എന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. വനംവകുപ്പ് കുറ്റപത്രം വൈകിപ്പിക്കുന്നത് പ്രതികളെ സഹായിക്കാനാണെന്നാണ് ആരോപണവും ഉയർന്നിട്ടുണ്ട്. മുട്ടില്‍ മരം മുറിക്കേസിലെ പൊലീസ് കുറ്റപത്രം ദുർബലമാണെന്നും അതുമായി മുന്നോട്ടു പോയാല്‍ കേസ് തോല്‍ക്കുമെന്നും സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.