കോട്ടയം : ചലച്ചിത്രതാരം വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണ സംഘം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെ മാത്രമേ കാരണം സ്ഥിരീകരിക്കാനാവൂ. കാറിലെ എ.സിയില്‍നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചാകാം മരണമെന്നാണ് കരുതുന്നത്. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിലാകും പോസ്റ്റുമോർട്ടം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ടോടെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംലാന്‍ഡ് ബാറിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ഡോറിന്റെ ചില്ല് തകര്‍ത്ത് വിനോദിനെ പുറത്തെടുത്തു. ഉടന്‍തന്നെ പാമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാർട്ടാക്കിയ കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ ബാർ ജീവനക്കാർ അന്വേഷിക്കുകയായിരുന്നു.. തുടർന്നാണ് വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പനും കോശിയും ഉൾപ്പെടെ ഉള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു… കോട്ടയം മീനടം സ്വദേശിയാണ്.