സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് വിടവാങ്ങല്‍ ടെസ്റ്റിന് വേദിയൊരുക്കാനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ താരം മിച്ചല്‍ ജോണ്‍സന്‍. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് സിഡ്‌നിയില്‍ കളിച്ച് വിടവാങ്ങാനാണ് ആഗ്രഹമെന്ന് വാര്‍ണര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ജോണ്‍സന്‍ രംഗത്ത് വന്നത്.
പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ രാജ്യത്തിന് നാണക്കേടുണ്ടാക്കിയ താരമാണ് വാര്‍ണറെന്നും അത്തരമൊരാള്‍ക്ക് വീരപരിവേഷം നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നുമാണ് മുന്‍ പേസറുടെ നിലപാട്. മാത്രമല്ല വിരമിക്കല്‍ വേദിയെക്കുറിച്ച് അദ്ദേഹം സ്വയം തീരുമാനമെടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ജോണ്‍സന്‍ ചോദിക്കുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് അന്നത്തെ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡേവിഡ് വാര്‍ണര്‍ ടെസ്റ്റില്‍ മോശം ഫോമിലുമാണ്. വെറും 28 മാത്രമാണ് താരത്തിന്റെ ശരാശരി.
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസീസ് ടീമില്‍ ഡേവിഡ് വാര്‍ണറും ഉള്‍പ്പെട്ടതിന് പിന്നാലെയാണ് മുമ്പ് ഒരുമിച്ച കളിച്ചിട്ടുള്ള ജോണ്‍സന്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.