പീരുമേട്: കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തായതോടെ ഹൈറേഞ്ചിലെ 21 കെ.എസ്.ആർ.ടി.സി. സർവീസുകൾ മുടങ്ങി. കുമളി- 11, കട്ടപ്പന- 4, നെടുങ്കണ്ടം- 6 എന്നിങ്ങനെയാണ് സർവീസുകൾ മുടങ്ങിയത്. മുടങ്ങിയവയെല്ലാം ദീർഘദൂര സർവീസുകളും ടേക്ക് ഓവർ സർവീസുകളുമാണ്.
ബസുകളുടെ അറ്റകുറ്റപ്പണികൾ തീരാത്തതാണ് ബസുകളുടെ കുറവിന് കാരണമെന്ന് കെ.എസ്.ആർ.ടി.സി.അധികൃതർ പറഞ്ഞു. മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരുടെ കുറവും അറ്റകുറ്റപ്പണികളെ ബാധിക്കുന്നുണ്ട്. എന്നാൽ, കുമളി ഡിപ്പോയിലെ താൽക്കാലിക ജീവനക്കാരെ മൂന്നാർ ഡിപ്പോയിലെ പമ്പിലേക്ക് സ്ഥലം മാറ്റിയതാണ് ജോലി അവതാളത്തിലാകാൻ കാരണമെന്നും ആരോപണമുയർന്നു. കുമളിയിലെ 37 സർവീസുകളിൽ 11 എണ്ണമാണ് മുടങ്ങിയത്.