ചെന്നൈ: നടി തൃഷയ്ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥം ആണോയെന്നും നടൻ ചോദിച്ചു. മാപ്പ് പറയാൻ തന്നോട് താരസംഘടന ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. നാല് മണിക്കൂറിനുള്ളിൽ നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു നടൻ പറഞ്ഞത്. ഖുശ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മൻസൂർ അലി ഖാൻ മോശം പരാമർശങ്ങൾ നടത്തിയിരുന്നു.
അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂർ അലി ഖാനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അത് സംഭവിക്കാതെ നോക്കുമെന്നും പ്രതികരിച്ചിരുന്നു.