അമരാവതി: ഭാര്യയുമായുള്ള തർക്കത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷനുമുന്നിൽ സ്വയം തീകൊളുത്തിയയാൾ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ആന്ധ്രാപ്രദേശ് തിരുപ്പതിയിൽ ചന്ദ്രഗിരി പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിജയവാഡയിൽ നിന്നുള്ള മണികണ്ഠയാണ് തീകൊളുത്തിയത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ മണികണ്ഠയെ കള്ളക്കേസിൽ കുടുക്കുമെന്ന് പൊലീസുകാർ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിവരം.
രണ്ടാം ഭാര്യയുമായുള്ള തർക്കമാണ് മണികണ്ഠയെ കടുത്ത നീക്കത്തിലേയ്ക്ക് നയിച്ചത്. തമിഴ്‌നാട് തിരുട്ടാണി സ്വദേശിയായ രണ്ടാം ഭാര്യ ദുർഗയുമൊത്ത് ജോലിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ താമസിച്ചുവരികയായിരുന്നു മണികണ്ഠൻ. വിവാഹിതരായി മൂന്ന് മാസത്തിനുപിന്നാലെ ഇരുവരുടെയും ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുകയും ദുർഗ കുർനൂളിലേയ്ക്ക് താമസം മാറുകയും ചെയ്തു. ഇവിടെവച്ച് ദുർഗ സോനു എന്നയാളെ പരിചയപ്പെടുകയും അയാളോടൊത്ത് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ശേഷം ഇവർ ഭകരാപേട്ടിലേയ്ക്ക് താമസം മാറി.
ദുർഗയ്ക്ക് മറ്റൊരാളുമായുള്ള ബന്ധം കണ്ടെത്തിയ മണികണ്ഠൻ ഭാര്യയെ തിരികെകൊണ്ടുവരാൻ പലതവണ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. സോനുവുമൊത്ത് മാത്രമേ ജീവിക്കുകയുള്ളൂവെന്ന് അവർ മണികണ്ഠയെ അറിയിച്ചു. ഇതിനിടെ ചന്ദ്രഗിരി സ്റ്റേഷനിലെ കോൺസ്റ്റബിളായ പ്രഗദല ശ്രീനിവാസ് ദുർഗയുടെയും സോനുവിന്റെയും ബന്ധത്തിന് പിന്തുണ നൽകുന്നതായി മണികണ്ഠ മനസിലാക്കി. ഇതേത്തുടർന്നാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ എത്തിയത്.
ഇവിടെവച്ച് കോൺസ്റ്റബിളും മണികണ്ഠയുമായി രൂക്ഷമായ തർക്കം ഉണ്ടായി. പിന്നാലെ മണികണ്ഠ അടുത്ത സ്റ്റേഷനിൽ പോയി പെട്രോൾ കൊണ്ടുവന്ന് സ്റ്റേഷനുമുന്നിൽവച്ച് ദേഹത്തൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്നവരും പൊലീസുകാരും ചേർന്ന് തീ അണയ്ക്കുകയും മണികണ്ഠയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.