മലപ്പുറം: പ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ടന്റ്, ഓവർസിയർ ഇല്ലാതെയാണ് ഇപ്പോൾ പ്രവർത്തനം.
മാസങ്ങൾക്കുമുമ്പ് തന്നെ പഞ്ചായത്ത് പ്രസിഡന്റ് വകുപ്പുമന്ത്രി, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർക്കും പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരുടെ അഭാവം കാരണം മിക്കപദ്ധതികളും തുടങ്ങാൻപോലും സാധിക്കുന്നില്ല. അരലക്ഷത്തിനു മേലെ ജനസംഖ്യയും 80 ചതുരശ്ര കി.മീ. വിസ്തൃതിയുമുള്ള പഞ്ചായത്തിലെ പ്രവർത്തനങ്ങൾ താളംതെറ്റിയിട്ടും ബന്ധപ്പെട്ട വകുപ്പ് അധികാരികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. നേരത്തേ സെക്രട്ടറി നിയമനം കിട്ടി ഒരു ഉദ്യോഗസ്ഥൻ എത്തിയിരുന്നു. എന്നാൽ ശാരീരികപ്രശ്നങ്ങൾ കാരണം ഉടൻതന്നെ അവധിയിൽ പ്രവേശിക്കുകയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി തസ്തിക ഒഴിഞ്ഞിട്ട് ഏഴ് മാസത്തിൽ ഏറെ ആയിട്ടും ഇതുവരെ പുതിയ ആളെ നിയമിച്ചില്ല.