ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയേയും 18 മുന്‍ മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത ഹരജി ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.
മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും പൊതുപണം കൈകാര്യം ചെയ്യാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ലോകായുക്ത വിധിച്ചു. മൂന്നു ലക്ഷത്തിന് മുകളിലാണെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസില്‍ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയികകാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞു. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോലിക്ക് പുറമെ വാഹന വായ്പ, സ്വര്‍ണ്ണ പണയ വായ്പ എന്നിവ തിരിച്ചടക്കുന്നതിന് 8.6 ലക്ഷം രൂപയും, എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരണപ്പെട്ട സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് നിയമ പ്രകാരമുള്ള അനുകൂല്യങ്ങള്‍ക്ക് പുറമെ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ലോകായുക്ത വിധി. നേരത്തെ രണ്ടംഗ ലോകായുക്ത ബെഞ്ച് പരിഗണിച്ച കേസ് ഭിന്നവിധിയുള്ള സാഹചര്യത്തില്‍ മൂന്നംഗ ഫുള്‍ ബഞ്ചിന് ഹര്‍ജി വിട്ടിരുന്നു. ഈ ബെഞ്ചാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.