ചെന്നൈ : തമിഴ്‌നാട്ടിൽ വിജയ് ചിത്രം ലിയോയ്ക്ക് പ്രത്യേക പ്രദർശനത്തിന് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചു. നേരത്തെ ലിയോയ്ക്ക് രാവിലെ 7 മണി സ്പെഷ്യല്‍ ഷോ അനുവദിക്കാനാകുമോ എന്ന് പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ചെന്നൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ പ്രത്യേക പ്രദർശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുൻ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. പുതുച്ചേരിയില്‍ രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിച്ചിട്ടുണ്ടെന്ന നിര്‍മ്മാതാക്കളുടെ വാദവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും. രാവിലെ 9നും പുലർച്ചെ 5നും ഇടയിൽ 5 ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നേരത്തെ നല്‍കിയിരുന്നു. ഇതില്‍ ഇളവ് തല്‍ക്കാലം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാൽ പുതുച്ചേരിയിലെ തിയറ്ററുകളിൽ രാവിലെ 7ന് പ്രത്യേക പ്രദർശനം കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ രാവിലെ 11.30 മണി മുതലാണ് ഷോ ഉണ്ടാവുക. അതേസമയം കേരളത്തിൽ പുലർച്ചെ 4ന് പ്രദർശനമുണ്ടാകും. 4:00- 7.15 Am – 10 .30 Am – 2:00 Pm – 5.30 Pm – 9:00 PM – 11.59 Pm എന്നിങ്ങനെയാണ് കേരളത്തിലെ ആദ്യദിന ഷോ സമയക്രമം. ഒരു ദിവസം ഏഴ് ഷോകളെന്ന തരത്തിലാണ് പ്രദർശനം ഉണ്ടാകുക. തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോകൾ ഇല്ലാത്തതിനാൽ കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ തിയറ്ററുകളിൽ വലിയ തിരക്ക് തന്നെ പ്രതീക്ഷിക്കാം.