വാഷിങ്ടൺ: ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണങ്ങളിൽ യു.എസ് സർവകലാശാലകളിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുകയാണ്. ഓസ്റ്റിനിലെ ടെക്‌സാസ് സർവകലാശാല, ലോസ് ഏഞ്ചൽസിലെ സതേൺ കാലിഫോർണിയ സർവകലാശാല, ജോർജിയയിലെ എമോറി സർവകലാശാല, ബോസ്റ്റണിലെ എമേഴ്‌സൺ കോളജ് എന്നിവിടങ്ങളിലെല്ലാം വിദ്യാർഥി പ്രതിഷേധങ്ങളെ അറസ്റ്റും നടപടികളുമായാണ് യു.എസ് പൊലീസ് നേരിടുന്നത്. ഇതിനിടയിൽ പൊലീസ് കൈവിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ നമസ്‌കരിക്കുന്ന വിദ്യാർഥിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സതേൺ കാലിഫോർണിയ സർവകലാശാലയിലാണു സംഭവം. ഇസ്രായേൽ വിരുദ്ധ റാലിയിൽ പങ്കെടുത്ത വിദ്യാർഥിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഇരുകൈയിലും കൈവിലങ്ങണിയിച്ച വിദ്യാർഥി പൊലീസിനെ സാക്ഷിനിർത്തി നമസ്‌കരിക്കുന്ന ദൃശ്യങ്ങൾ ‘അൽജസീറ അറബിക്’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.