കോതമംഗലം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധിക ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം. കോതമംഗലത്തെ സമരപ്പന്തലില്‍ നിന്ന് രാത്രി അറസ്റ്റിലായ മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനുമാണ് ജാമ്യം അനുവദിച്ചത്. കേസ് ഇന്ന് 11 മണിക്ക് വീണ്ടും പരിഗണിക്കും.
ഇരുവരേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രാത്രി കോതമംഗലത്ത് വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് സമരപ്പന്തലിലെത്തും. മാത്യു കുഴല്‍നാടനും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയും സമരപ്പന്തലില്‍ ഉപവാസം തുടരുകയാണ്.
അതിനിടെ, രാത്രി പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി ആക്ട്, മൃതദേഹത്തെ അനാദരിച്ചു, ആശുപത്രി അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, മൃതദേഹവുമായി പ്രതിഷേധിച്ചതില്‍ ഇന്ദിരയുടെ സഹോദരന്‍ സുരേഷ് വിയോജിപ്പ് പ്രകടിപ്പിച്ചു. കുടുംബത്തിന്റെ അനുമതിയോടെയല്ല മൃതദേഹവുമായി പ്രതിഷേധിച്ചത്. സംഭവം രാഷ്ട്രീയവത്കരിക്കുന്നതില്‍ യോജിപ്പില്ല. മൃതദേഹം വിട്ടുകിട്ടണമെന്ന് കലക്ടറോട് കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടിയെന്നും സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.#protest