ഐസോൾ: മിസോറമിൽ ഇസെഡ്.പി.എം നേതാവ് ലാൽദുഹോമ മുഖ്യമന്ത്രിയായി നാളെ രാവിലെ 11ന് രാജ്ഭവനിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപവത്കരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ലാൽദുഹോമ ഗവർണർ ഹരിബാബു കമ്പംപതിയെ കണ്ടു. മറ്റ്മന്ത്രിമാരും അധികാരമേൽക്കും. 40ൽ 27 സീറ്റ് നേടിയാണ് ഇസെഡ്.പി.എം സംസ്ഥാനത്ത് അധികാരത്തിലേക്ക് കുതിച്ചത്. മ്യാന്മറിൽനിന്നും ബംഗ്ലാദേശിൽനിന്നും അഭയാർഥികളെത്തുന്നതും മണിപ്പൂരിൽ കലാപത്തിനിരയായവർ മിസോറമിലേക്ക് ചേക്കേറുന്നതുമായ വിഷയങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവരുമായി ഉടൻ സംസാരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി ലാൽദുഹോമ പറഞ്ഞു. 44,000ത്തോളം പേരാണ് മിസോറമിലേക്ക് അഭയാർഥികളായെത്തിയത്.