കോഴിക്കോട്: രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കോഴിക്കോട്. സ്നേഹത്തിന്റെ നഗരം, ഇനി സുരക്ഷിതത്വത്തിന്റെയും നഗരമായി അറിയപ്പെടും. കേരളത്തിൽനിന്ന് ഈ പട്ടികയിലെ ആദ്യ പത്തിൽ സ്ഥാനംപിടിച്ച ഏകനഗരമാണ് കോഴിക്കോട്. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ തയാറാക്കിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനമാണ് കോഴിക്കോടിന് ലഭിച്ചത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ.സി.ആർ.ബി നഗരങ്ങൾക്ക് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്.
കുറ്റകൃത്യങ്ങളുടെ നിരക്ക് താരതമ്യേന കുറവുള്ള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈയിടെ യുനെസ്കോയുടെ സാഹിത്യ നഗരം പദവിയും കോഴിക്കോടിന് ലഭിച്ചിരുന്നു. സൂറത്ത്, പുണെ, ഹൈദരാബാദ്, ബംഗളൂരു, അഹ്മദാബാദ്, മുംബൈ എന്നിവയാണ് പട്ടികയിൽ കേരളത്തിനു മുന്നിലുള്ള മറ്റു നഗരങ്ങൾ. കൊൽക്കത്തയാണ് സുരക്ഷിതനഗര പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തമിഴ്നാട്ടിലെ ചെന്നൈ രണ്ടാംസ്ഥാനത്തും കോയമ്പത്തൂർ മൂന്നാം സ്ഥാനത്തുമുണ്ട്.