കൊട്ടാരക്കര : വഴിയോരത്തെ മാലിന്യം നീക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വൈകുന്നു. ചീരങ്കാവ്-പുത്തൂർ, നെടുവത്തൂർ-തേവലപ്പുറം-ദേശീയപാതയിൽ നെടുമ്പായിക്കുളം-കോളന്നൂർ-അമ്പലത്തുംകാല, കുഴിമതിക്കാട്-ഇടിമുക്ക്- തളവൂർക്കോണം, ഉളകോട്-ഇലയം എന്നീ റോഡുകളുടെ ഓരത്ത് പലയിടത്തും മാലിന്യം നീക്കാനുണ്ട്. ഈയിടങ്ങളിൽ വലിച്ചെറിയൽ തുടരുന്നതായും നാട്ടുകാർ പറയുന്നു.
വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുന്നതിടെയാണ് മാലിന്യമടങ്ങിയ കാരിബാഗുകളും മറ്റും നിരത്തുവക്കിലേക്ക് വലിച്ചെറിയുന്നത്. സാനിറ്ററി നാപ്കിനുകളും പ്ലാസ്റ്റിക് പാഴ് വസ്തുക്കളും ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളാണ് ഏറെയും. പഴന്തുണിക്കെട്ടുകളും ബ്യൂട്ടി പാർലർ, അപ്ഹോൾസ്റ്ററി മാലിന്യവുമുണ്ട്. കനാൽറോഡുകളിലൂടെ സഞ്ചരിച്ച് കനാലിലേക്ക് മാംസാവശിഷ്ടങ്ങളടക്കം വലിച്ചെറിയുന്നവരുമുണ്ട്.
ശരിയായ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുക്കാത്ത ചില കോഴിയിറച്ചി വ്യാപാരികളും മറ്റുമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. പ്രധാന പാതകളെയും കനാൽപാതകളെയും ബന്ധിപ്പിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ഇതിന് തടയിടണമെന്നാണ് കനാൽ പരിസരത്തെ താമസക്കാർ പറയുന്നത്.