കൊച്ചി: ഇ-ബസുകൾ ഓടിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊച്ചി കോർപ്പറേഷൻ രൂപീകരിക്കും. ഹരിത ഊർജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ പ്രധാനമന്ത്രി ഇ- ബസ് സേവ’ പദ്ധതിയിൽപ്പെടുത്തി കൊച്ചിക്ക് ലഭിക്കുന്ന 150 ബസുകളുടെ നടത്തിപ്പിനാണ് പ്രത്യേക കമ്പനി (എസ്.പി.വി).
ജനറം പദ്ധതിയുടെ ഭാഗമായി 2009 ൽ കോർപ്പറേഷന് 200 എ.സി. ലോ ഫ്ളോർ, നോൺ എ.സി ബസുകൾ ലഭിച്ചെങ്കിലും എസ്.പി.വി രൂപീകരിക്കാത്തതിനാൽ കെ.എസ്.ആർ.ടി.സിക്ക് കൈമാറേണ്ടി വന്നു. നഗരത്തിൽ സർവീസ് ആരംഭിച്ച ബസുകൾ ക്രമേണ ജില്ലയ്ക്ക് പുറത്തേയ്ക്കുൾപ്പെടെ സർവീസിനായി നീക്കി. ലക്ഷ്യമിട്ട പ്രയോജനം നഗരത്തിന് ലഭിക്കാത്ത ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം ഫോർട്ടുകൊച്ചി– വൈപ്പിൻ റോ– റോ സർവീസ് ആരംഭിച്ച് അഞ്ചു വർഷമായിട്ടും ചർച്ച നടത്തുന്നതല്ലാതെ ഇതിന്റെ നടത്തിപ്പിനായി എസ്.പി.വി രൂപീകരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് ( കെ. എസ്.ഐ.എൻ.സി) ആണ് നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
സിയാൽ മാതൃകയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംവിധാനമാണ് പരിഗണനയിലുള്ളത്. വിദഗ്ദ്ധരുടെ കുറവാണ് പ്രധാന പ്രശ്നം. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ട്. ഇത് പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.
പൊതുഗതാഗതം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് കെ.എം.ആർ.എൽ, കെ.എസ്.ഐ.എൻ.സി പോലെയുള്ള ഏജൻസികളിൽ നിന്നുള്ള വിദഗ്ദ്ധരുടെ പിന്തുണ ആവശ്യമാണ്. റോ–റോ സർവീസ്, ബ്രഹ്മപുരത്തെ പ്ളാന്റ് നടത്തിപ്പ് എന്നിവയ്ക്കെല്ലാം എസ്.പി.വി രൂപീകരിക്കേണ്ടതുണ്ട്.