പറന്നുയര്‍ന്ന് കേരള ടൂറിസം;ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി

‌ഷിഹാബ് കാലടി

നെടുമ്പാശ്ശേരി: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഹെലി ടൂറിസം പദ്ധതിയ്ക്ക് തുടക്കമായി. നെടുമ്പാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ഹെലി ടൂറിസത്തിന്‍റെ ആദ്യ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിക്കൊണ്ട് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കമിട്ടു.
രാജ്യത്താദ്യമായി ഹെലി ടൂറിസം നയം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ഹെലി ടൂറിസം സംബന്ധിച്ച സര്‍ക്കാരിന്‍റെ സമഗ്ര കാഴ്ചപ്പാട് ഇതിലൂടെ മുന്നോട്ടു വയ്ക്കാനാകും. ഈ മേഖലയില്‍ സ്വകാര്യ നിക്ഷേപം വലിയ തോതില്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുരവഞ്ചികള്‍ക്കും കാരവാന്‍ ടൂറിസത്തിനും ശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന പുത്തന്‍ ഉത്പന്നമാണ് ഹെലി ടൂറിസം.
ഹെലി ടൂറിസം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന മൈക്രോസൈറ്റും മന്ത്രി പുറത്തിറക്കി. വിവിധ ഹെലി ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന പാക്കേജുകള്‍, ട്രിപ്പുകളുടെ വിവരം, ബുക്കിംഗ് മുതലായവ ഇതിലൂടെ നടത്താന്‍ സാധിക്കും.
വിദേശ-ആഭ്യന്തര സഞ്ചാരികള്‍ക്ക് സംസ്ഥാനത്തിന്‍റെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സമയം നഷ്ടപ്പെടാതെ കാണിക്കുക എന്ന കാഴ്ചപ്പാടാണ് ടൂറിസം വകുപ്പിനുള്ളത്. കേരളത്തിന്‍റെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. സഞ്ചാരികള്‍ക്ക് എല്ലായിടത്തും എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇതിന് ഒരു പരിധി വരെ പരിഹാരമാണ് ഹെലി ടൂറിസമെന്നും മന്ത്രി പറഞ്ഞു.
ഡോ. ജോഷി വര്‍ഗീസ്, സിമി വര്‍ഗീസ്, ആന്‍റണി, രശ്മി ആന്‍റണി എന്നിവരായിരുന്നു ആദ്യ യാത്രക്കാര്‍.
വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനും കേരളത്തിന്‍റെ തനത് വ്യത്യസ്തമായ കാഴ്ചകള്‍ ആസ്വദിക്കാനും ഹെലി ടൂറിസത്തിലൂടെ സാധിക്കും. വിനോദ സഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ കൊണ്ട് വരിക എന്നതാണ് വകുപ്പിന്‍റെ നയം.
സുപ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്കടുത്ത് നിലവിലുള്ള ഹെലിപാഡുകള്‍ കണ്ടെത്തി അവ ഹെലി ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. വ്യത്യസ്ത മേഖലകളില്‍ ഹെലിപാഡുകള്‍ ഒരുക്കുന്ന രീതി അടുത്തിടെ വ്യാപകമാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണ് ഹെലി ടൂറിസം നടപ്പാക്കുന്നത്. ഈ മേഖലയിലെ ഓപ്പറേറ്റര്‍മാരുമായി വിവിധ ഘട്ടങ്ങളിലായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. ഇതിന്‍റെ ഫലമായി ആദ്യ ഘട്ടത്തില്‍ നിലവില്‍ പ്രവര്‍ത്തന സജ്ജമായ ഹെലിപാഡുകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള സര്‍വീസുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
സുരക്ഷാമാനദണ്ഡങ്ങളുടെ പാലനം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അംഗീകാരം, യാത്രക്കാരുടെ സുരക്ഷിതത്വം, തുടങ്ങിയവയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ക്കായിരിക്കും. സേവനദാതാക്കള്‍ക്ക് ഉപഭോക്താക്കളിലേക്കെത്തുവാനുള്ള ഫെസിലിറ്റെറ്റര്‍ ആയി ടൂറിസം വകുപ്പ് പ്രവര്‍ത്തിക്കും. ഇതിന്‍റെ ഭാഗമായി ഇതിനായി ഓപ്പറേറ്റര്‍മാര്‍ ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കണം.
സംസ്ഥാനത്തിന്‍റെ തെക്കും വടക്കുമുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രത്യേക പാക്കേജുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സഞ്ചാരികളുടെ പ്രതികരണവും മറ്റ് സാങ്കേതികഘടകങ്ങളും പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പുതിയ ഹെലിപാഡുകള്‍ ഒരുക്കുന്നതും പരിഗണനയിലാണ്.
കെടിഐഎല്‍(കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ചെയര്‍മാന്‍ എസ് കെ സജീഷ്, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, അഡി. ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ജില്ലാകളക്ടര്‍ എന്‍ എസ് കെ ഉമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...