കാസർകോട്: 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് വ്യാഴാഴ്ച മുതല്‍ 11വരെ കാസര്‍കോട് ഗവ. കോളജില്‍ നടക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന നാഷനല്‍ സയന്‍സ് എക്സ്പോ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ശാസ്ത്ര കോൺഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഐ.സി.സി.എസ് തയാറാക്കിയ ക്ലൈമറ്റ് സ്റ്റേറ്റ്മെന്റ് 2023 മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
തുടര്‍ന്ന് മികച്ച യുവ ശാസ്ത്രജ്ഞര്ക്കുള്ള അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങള്‍ എന്നിവ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ഗോള്‍ഡ് മെഡലും പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് അവാർഡും റിസർച് പ്രോജക്ടിന് 50 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പൽ ഡോ. പി. മനോജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. 2022ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് പ്രഫ. മോര്‍ട്ടന്‍ മെല്ഡന് വിദ്യാർഥികളുമായി സംവദിക്കും.
ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. അനുസ്മരണ പ്രഭാഷണങ്ങള്‍, 12 വിഷയങ്ങളിലായി തിരഞ്ഞെടുത്ത പ്രബന്ധ, പോസ്റ്റര്‍ അവതരണങ്ങൾ എന്നിവ നടക്കും.
ബാലശാസ്ത്ര കോണ്‍ഗ്രസ് വിജയികളായ കുട്ടിശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ബിരുദാനന്തരബിരുദ വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയുമുണ്ടാകും. സ്കൂള്‍ വിദ്യാർഥികള്‍ക്കായി ‘വാക് വിത്ത് സയന്റിസ്റ്റ്’ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സ്റ്റാളുകള്‍ എക്സ്പോയുടെ ഭാഗമായി ഒരുക്കും.