കൊല്ലം: കലാമഹോത്സവത്തിന് തിരശീല വീണപ്പോൾ കലാകിരീടം കണ്ണൂരിന്. 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് കണ്ണൂർ സ്വന്തമാക്കി. 952 പോയിന്റ് നേടിയാണ് കണ്ണൂർ ജേതാക്കളായത്. സമാപനദിനമായ ഇന്ന് രാവിലെ മുതൽ മുന്നിട്ടുനിന്ന കോഴിക്കോടിന് പിന്നിലാക്കിയാണ് കണ്ണൂരിന്റെ കുതിപ്പ്. കോഴിക്കോടിന് 949ഉം മൂന്നാമതുള്ള പാലക്കാടിന് 938 പോയിന്റുമാണുള്ളത്. കണ്ണൂരിന്റെ നാലാം കിരീടമാണിത്.
തൃശൂർ 925, മലപ്പുറം 913, കൊല്ലം 910, എറണാകുളം 899, തിരുവനന്തപുരം 870, ആലപ്പുഴ 852, കാസർകോട് 846, കോട്ടയം 837, വയനാട് 813, പത്തനംതിട്ട 774, ഇടുക്കി 730 എന്നിങ്ങനെയാണ് പോയിന്റ് നില.
445 പോയിന്റുമായി ഹൈസ്കൂൾ വിഭാഗത്തിലും 507 പോയിന്റുമായി ഹയർ സെക്കൻഡറി വിഭാഗത്തിലും കണ്ണൂർ ജില്ലയാണ് മുന്നിൽ.
കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളയുടെ സമാപന സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ മത്സരാർഥികളായി പങ്കെടുത്തത്.