കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ ഇഡിയോട് ചോദ്യങ്ങളുമായി എറണാകുളം പി.എം.എൽ.എ കോടതി. എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയുന്നില്ലെന്ന് കോടതി. ഗുരുതര കുറ്റം ചെയ്തവർ പോലും സ്വതന്ത്രരായി തുടരുകയാണ്. സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.
അരവിന്ദാക്ഷന്‍ അന്വേഷണത്തോട് സഹകരിക്കാത്തത്തിനാലാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാത്തത് അവർ അന്വേഷണത്തോട് സഹകരിച്ചിക്കുന്നത് കൊണ്ടാണെന്നും ഇഡി വിശദീകരിച്ചു. തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാതെ തട്ടിപ്പിന് കൂട്ട് നിന്നവരെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു അരവിന്ദാക്ഷന്‍റെ വിമര്‍ശനം. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിരുന്നുവെന്നും അരവിന്ദാക്ഷന്‍ കോടതിയോട് പറഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ പോലും ഹാജരായി എന്ന് പറഞ്ഞ അരവിന്ദാക്ഷന്‍, തന്നെ അറസ്റ്റ് ചെയ്തത് പ്രതികാര നടപടി ആണെന്നും കുറ്റപ്പെടുത്തി. ഇഡി വിവേചനം കാട്ടുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതാണ് പ്രകോപനമെന്നും അരവിന്ദാക്ഷൻ ആരോപിക്കുന്നു.