മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ‘കാതൽ ദ കോർ’ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. വമ്പൻ വരേവേൽപ്പാണ് ഈ ജിയോ ബേബി ചിത്രത്തിന് ലഭിച്ചത്. പല തീയേറ്റുകളിലും ഹൗസ്ഫുള്ളാണ്. മാത്യു ദേവസിയെന്ന റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. മമ്മൂട്ടിക്കല്ലാതെ ഇന്ത്യയിലെ മറ്റൊരു നടനും ഈ വേഷത്തെ ഇത്ര മനോഹരമാക്കാൻ കഴിയില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ മാത്യു ദേവസിയായി എത്തേണ്ടിയിരുന്നത് മറ്റൊരു നടനായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ.
തന്റെ മൂന്നാമത്തെ ചിത്രമാണിതെങ്കിലും താനും പോൾസണും ആദ്യമായി എഴുതിയ തിരക്കഥയാണ് ‘കാതൽ ദ കോറിന്റേത്’ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ചെറിയ സിനിമ എന്ന നിലയിലാണ് ഇത് മനസിൽ കണ്ടത്. മലയാളത്തിലെ മറ്റൊരു നടനായിരുന്നു ഈ വേഷം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തെ കണ്ട് കഥ പറയുകയും, അദ്ദേഹത്തിനത് ഇഷ്ടമാകുകയും ചെയ്തു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. ജിയോ ബേബി എന്ന സംവിധായകന്റെ അടുത്തെത്തിയതോടെയാണ് സിനിമയുടെ തലവര മാറിയത്. മമ്മൂട്ടിയെ നായകനാക്കിക്കൂടെയെന്ന് ചോദിച്ചത് അദ്ദേഹമാണ്. നിർമാതാവ് ആന്റോ ജോസഫ് വഴി മമ്മൂക്കയോട് കഥ പറയാൻ അവസരം ലഭിച്ചു.- എന്നാണ് തിരക്കഥാകൃത്തിന്റെ വെളിപ്പെടുത്തൽ.
ചിത്രത്തിലെ നായികയായി ജ്യോതികയെ നിർദേശിച്ചത് മമ്മൂട്ടിയാണെന്ന് തിരക്കഥാകൃത്ത് പറയുന്നു. മമ്മൂക്ക തന്നെയാണ് ജ്യോതികയെ നേരിൽ കാണാനുള്ള അവസരം ഒരുക്കിത്തന്നത്. ചെന്നൈയിലെ അവരുടെ വീട്ടിൽ പോയി. സൂര്യ സാറാണ് വാതിൽ തുറന്ന് തങ്ങളെ സ്വീകരിച്ചത്. ആ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ അവിശ്വസനീയമായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.