കെ.എം.മാണിയുടെ തട്ടകത്തില്‍ തോമസ് ചാഴികാടന്‍ എംപിയെ പരസ്യമായി ശാസിച്ച് അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ് എം എന്ന് സുധാകരന്‍ ചോദിച്ചു. പാലായില്‍ നടന്ന നവകേരള സദസ് വിജയിപ്പിക്കാന്‍ അധ്വാനിച്ച ചാഴികാടനോട് ‘കടക്ക് പുറത്ത്’ എന്ന മട്ടില്‍ മുഖ്യമന്ത്രി സംസാരിച്ചത് നന്ദികേടാണ്. റബറിന് 250 രൂപ താങ്ങുവില നല്‍കുമെന്ന എല്‍ഡിഎഫ് വാഗ്ദാനം നടപ്പാക്കണമെന്ന് ചാഴികാടന്‍ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. സംസ്കാരം തൊട്ടുതീണ്ടാത്ത രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും കെ.സുധാകരന്‍ ആരോപിച്ചു.
കോട്ടയം ജില്ലയില്‍ മുഖ്യമന്ത്രി റബറിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. റബര്‍, നെല്‍ കര്‍ഷകരെ കൈവിട്ടപ്പോഴും കെ റെയിലിനെ പൊക്കിപ്പിടിക്കാന്‍ മുഖ്യമന്ത്രിക്ക് മടികാട്ടിയില്ല. തോമസ് ചാഴികാടനെതിരേയുള്ള പരാമര്‍ശത്തിലൂടെ കടുത്ത ദുരിതത്തില്‍ക്കൂടി കടന്നുപോകുന്ന 12 ലക്ഷത്തിലധികം ചെറുകിട റബര്‍ കര്‍ഷകരെക്കൂടിയാണ് മുഖ്യമന്ത്രി അപമാനിച്ചതെന്നും കെ.സുധാകരന്‍ ആരോപിച്ചു.
Read more- ദേവൻ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്