കൊച്ചി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. വി മുരളീധരന്റെ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബാലഗോപാൽ ആരോപിച്ചു. ‘കേന്ദ്രമന്ത്രി പറയുന്നത് വസ്‌തുതാവിരുദ്ധം. വിതരണം ചെയ്ത ക്ഷേമ പെൻഷൻ ഇനത്തിൽ 600 കോടി രൂപ ഇനിയും കിട്ടാനുണ്ട്. കേരളത്തിന് അനുകൂലമായി വി മുരളീധരൻ നിലപാട് എടുക്കാത്തത് മണ്ടത്തരമാണ്. വിഴിഞ്ഞം പദ്ധതിയിലുൾപ്പെടെ കാപെക്‌സ് ഫണ്ട് കേന്ദ്രം മുടക്കുന്നു. യു ജി സി ഫണ്ടിന് ഉൾപ്പെടെ തടസം നിൽക്കുന്നു. വരുമാനം വർദ്ധിപ്പിക്കാനും അനാവശ്യ ചെലവുകൾ ചുരുക്കാനും സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്. ആവശ്യമായ പരിശോധനകൾ നടത്തുന്നു. കിട്ടാക്കടങ്ങൾ പിടിക്കാനും ശ്രമിക്കുന്നുണ്ട്. ടാക്‌സ് അഡ്‌മിനിസ്ട്രേഷനിൽ കൃത്യമായ മെച്ചം ഉണ്ടായിട്ടുണ്ട്. 50 ശതമാനത്തിലധികം രണ്ട് വർഷം കൊണ്ട് നികുതി വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കേന്ദ്രവും സംസ്ഥാവും തമ്മിൽ അടിമ- ഉടമ ബന്ധമാണോ ഉള്ളത്. കേരളത്തിന് അർഹമായ തുക എങ്ങനെ നിഷേധിക്കാനാവും? നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ഫണ്ട് നൽകുന്നില്ല. അനാവശ്യ നിബന്ധനവച്ച് ഫണ്ട് വൈകിപ്പിക്കുന്നു. കേന്ദ്രമന്ത്രിയാകുമ്പോൾ കാടടച്ച് വെടിവയ്ക്കരുത്. കാര്യങ്ങൾ അറിഞ്ഞിട്ടുവേണം ചെയ്യാൻ’-കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന്റെ ധനപ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രസർക്കാർ ആണെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമാണെന്നായിരുന്നു വി മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇരുവരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കണക്കുകൾ നിരത്തി അദ്ദേഹം ആരോപിച്ചിരുന്നു.