കൊച്ചി: ഗോവ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടുവർഷം മുൻപ് കാണാതായ മലയാളി യുവാവിന്റേത് തന്നെന്ന് കണ്ടെത്തി. കൊച്ചി തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ വീട്ടിൽ ജെഫ് ജോൺ ലൂയിസിന്റെതാണ് (27) മൃതദേഹമെന്ന് ഡി എൻ എ റിപ്പോർട്ടിലൂടെയാണ് സ്ഥിരീകരിച്ചു. ജെഫിനെ സുഹൃത്തുക്കൾ ചേർന്ന് ഗോവയിൽ വച്ച് കൊലപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കണ്ടെത്തിയിരുന്നു. മറ്റാെരു കേസിൽ പിടിയിലായ പ്രതി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ജെഫിന്റെ കൊലപാതകം തെളിഞ്ഞത്.
രണ്ടുവർഷം മുൻപ് ഗോവയിലെ ബിച്ചിന് സമീപത്തെ കുന്നിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജെഫിന്റെ മാതാപിതാക്കളുടെ ഡി എൻ എ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് മൃതദേഹത്തിന്റെ ഡി എൻ എയുമായി പരിശോധിച്ചാണ് ജെഫിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്.
2021 നവംബറിൽ കാണാതായ ജെഫ് ആ മാസം തന്നെ ഗോവയിൽ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ പ്രതികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി മകൻ തിരികെ എത്താതിരുന്നതോടെ അമ്മ ഗ്ലാഡിസ് ലൂയിസാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജെഫിന്റെ സുഹൃത്തുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അവസാന ഫോൺ കാളുകൾ പരിശോധിച്ചതോടെ അന്വേഷണം വയനാട് സ്വദേശി അനിൽ ചാക്കോയിൽ എത്തി. അനിൽ ചാക്കോയെ കസ്റ്റഡിയിലെടുത്ത് തുടർച്ചയായി ചോദ്യം ചെയ്തു. അവസാനം പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
പിന്നീടാണ് കാെലപാതകത്തിന് കൂട്ടുനിന്ന മറ്റ് നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അനിലിനും ജെഫിനും ബന്ധമുണ്ടായിരുന്നു. ലഹരിയുമായി പോകുന്ന അനിലിനെ കുറിച്ചുള്ള വിവരം ജെഫ് പൊലീസിന് കെെമാറിയതിന്റെ വെെരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം. സൂചനകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടുവര്‍ഷത്തിന് ശേഷം പൊലീസ് പ്രതികളെ പിടികൂടിയത്.