ഇരിങ്ങാലക്കുട: ഹരിതകർമ സേനാംഗത്തിനെതിരെയുണ്ടായ കൈയേറ്റത്തെച്ചൊല്ലി നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം. അജണ്ടകൾക്ക് ശേഷം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. കെ.ആർ. വിജയയാണ് വിഷയം ഉന്നയിച്ചത്.തന്റെ വാർഡിലാണ് സംഭവം നടന്നതെന്നും പരാതിക്കാരിയുടെ കൂടെപോയ താനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പുറത്തുനിൽക്കെ പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് പരാതിക്കാരി ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നുവെന്നും യു.ഡി.എഫ് കൗൺസിലർ അജിത്കുമാർ പറഞ്ഞു. ചില ജനപ്രതിനിധികൾതന്നെ പ്രതിക്ക് വേണ്ടി ഇടപെട്ടതായി എൽ.ഡി.എഫ് കൗൺസിലർ സി.സി. ഷിബിൻ ആരോപിച്ചു.
ഇടപെട്ട ജനപ്രതിനിധിയുടെ പേര് വെളിപ്പെടുത്താൻ ഷിബിൻ തയാറാകണമെന്ന് അജിത്കുമാറും ബൈജു കുറ്റിക്കാടനും ആവശ്യപ്പെട്ടു. വിഷയത്തിൽ ഒരുഒത്തുതീർപ്പിനും വഴങ്ങരുതെന്ന് കൗൺസിലർമാരായ അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, ബിജുപോൾ അക്കരക്കാരൻ എന്നിവർ ആവശ്യപ്പെട്ടു.
ഹരിതകർമ സേനാംഗങ്ങളെ മികച്ചരീതിയിൽ സംരക്ഷിക്കുന്ന നഗരസഭയാണ് ഇരിങ്ങാലക്കുടയെന്ന് വൈസ് ചെയർമാൻ ടി.വി. ചാർലി പറഞ്ഞു. നഗരസഭ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഷിബിൻ ആവശ്യപ്പെട്ടു. നഗരസഭ നേരിട്ട് പരാതി നൽകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അധ്യക്ഷ സുജ സഞ്ജീവ്കുമാർ അറിയിച്ചു.
14ാം വാർഡ് ജവഹർ കോളനിയിലെ 24 വീട്ടുകാർക്ക് സാങ്കേതിക ഉപദേശങ്ങൾ തേടിയശേഷം ആധാരം അല്ലെങ്കിൽ പട്ടയംനൽകാൻ യോഗം തീരുമാനിച്ചു. വാർഡ് കൗൺസിലർ ഷെല്ലി വിൽസൻ നൽകിയ അപേക്ഷയിലാണ് തീരുമാനം. ആധുനിക അറവുശാല നിർമാണവുമായി ബന്ധപ്പെട്ട ഡി.പി.ആർ ലഭിച്ചിട്ടുണ്ടെന്നും ഇത് പ്രത്യേകം ചർച്ച ചെയ്യുമെന്നും അധ്യക്ഷ അറിയിച്ചു. പൊതുശൗചാലയങ്ങൾ ശുചീകരിക്കാനും അറ്റകുറ്റപ്പണിക്കും അവിടെ സാനിറ്ററി വെൻഡിങ് മെഷീൻ സ്ഥാപിക്കാനും തീരുമാനിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെയും കംഫർട്ട് സ്റ്റേഷനിലെയും ശൗചാലയങ്ങൾ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണെന്ന് സന്തോഷ് ബോബൻ പറഞ്ഞു.
Read More:-കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന 2.25 കോടി തട്ടി; രണ്ടുപേർ പിടിയിൽ