കോഴിക്കോട്: ജില്ലയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലൊന്നായ വെള്ളിമാട്കുന്നിലെ സർക്കാർ പ്രസ് അധികൃതരുടെ അവഗണയിൽ അടച്ചുപൂട്ടലിന്റെ വക്കിൽ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ജനുവരി എട്ടുമുതൽ ഇവിടെ പ്രിന്റിങ് നിർത്തി. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ബിൽബുക്ക്, ലെഡ്ജർ, ഫോമുകൾ എന്നിവയുടെ വിതരണം ഇതോടെ താറുമാറായി. ബിൽബുക്കുകളും ഫോമുകളും ഷൊർണൂരിൽനിന്നാണ് ഇപ്പോൾ എത്തിക്കുന്നത്. സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയാണ് ഇതു കാരണമുണ്ടാവുന്നത്. ജില്ലയിലെ സർക്കാർ ഓഫിസുകളിൽ കൃത്യസമയത്ത് ഇവ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാവശ്യ ഫോമുകൾക്കും കേസ് ഷീറ്റുകൾക്കും ക്ഷാമം നേരിടുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സർക്കാർ ആശുപത്രികളിലേക്കും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കും ലെഡ്ജറുകൾ, ബിൽ ബുക്കുകൾ, അപേക്ഷ ഫോമുകൾ, സ്കൂളുകൾക്കാവശ്യമായ ചോദ്യപേപ്പറുകൾ എന്നിവ അച്ചടിച്ചിരുന്നത് വെള്ളിമാട്കുന്നിലെ ഈ പ്രസിൽനിന്നായിരുന്നു. പ്രസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിന് പകരം ഇവിടെനിന്ന് അച്ചടിക്കേണ്ട ക്വട്ടേഷനുകൾ മറ്റ് ജില്ലകളിലേക്ക് കൈമാറി സ്ഥാപനത്തെ ഇല്ലാതാക്കാനാണ് നീക്കമെന്ന് ആക്ഷേപമുണ്ട്.