തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി മൂന്ന് കോടി രൂപ വരെ ധനസഹായം സർക്കാർ നൽകുമെന്ന് മന്ത്രി പി. രാജീവ്. സ്വകാര്യ വ്യവസായ എസ്റ്റേറ്റിലെ റോഡുകൾ, വൈദ്യുതി, ജലവിതരണം, ഡ്രെയിനേജ്, ഇ.ടി.പി/സി.ഇ.ടി.പി എന്നിവ വികസിപ്പിക്കുന്നതിനും ലബോറട്ടറി, ടെസ്റ്റിങ്, സർട്ടിഫിക്കേഷൻ തുടങ്ങിയ പൊതു സൗകര്യങ്ങൾക്കുമായി ഒരു ഏക്കറിന് 30 ലക്ഷം നിരക്കിൽ അനുവദിക്കും. ഇത് പരമാവധി മൂന്ന് കോടി വരെയാണ്. ഈ തുക റീ- ഇമ്പേഴ്സ്മെന്റ്റ് വ്യവസ്ഥയിലാണ് അനുവദിക്കുന്നതെന്നും നിയമസഭയിൽ ഡോ.എം.കെ മുനീർ, ടി.വി ഇബ്രാഹിം. പി.ഉബൈദുള്ള, പി.കെ ബഷീർ എന്നിവർക്ക് മറുപടി നൽകി.
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി ആരംഭിച്ച ശേഷം 16 സ്ഥാപനങ്ങൾക്ക് എസ്റ്റേറ്റ് തുടങ്ങുവാൻ ഡെവലപ്പർ പെർമിറ്റ് അനുവദിച്ചു. അവയെല്ലാം എസ്റ്റേറ്റ് രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ്. അതിൽ ഒരെണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. പാലക്കാട് ജില്ലയിൽ ഫെതർലൈക്ക് (പ്രൈ) ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ളതാണ് ഈ എസ്റ്റേറ്റ്.
സ്വന്തമായി സ്ഥലം ഉള്ളവർക്കും, 30 വർഷമോ അതിലധികമോ കാലാവധിയിൽ പാട്ടത്തിനെടുത്ത ഭൂമി ഉള്ളവർക്കും സ്വകാര്യ വ്യവസായ എസ്റ്റേറ്റിനുള്ള ഡെവലപ്പർ പെർമിറ്റിനായി അപേക്ഷിക്കാം.