മക്ക: പ്രകൃതിക്ക് ദോഷമുണ്ടാകുന്ന തരത്തിൽ മരുഭൂമിയിൽ മലിനജലം ഒഴുക്കിയ ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് സഊദി അറേബ്യ. 10 വർഷം തടവും മൂന്ന് കോടി റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ഇന്ത്യൻ രൂപയിൽ ഏകദേശം 66.88 കോടി രൂപ വരും. മക്കയിലെ മരുഭൂമിയിലാണ് ഇയാൾ മലിനജലം ഒഴുക്കിയത്. എന്നാൽ ഇന്ത്യക്കാരൻ ആരാണെന്ന വിവരങ്ങൾ സഊദി വെളിപ്പെടുത്തിയിട്ടില്ല.പാരിസ്ഥിതിക നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നിയമ നടപടി സ്വീകരിച്ചത്. ഇന്ത്യക്കാരൻ സംസ്കരിക്കാത്ത ജലം പ്രാദേശിക ആവാസ വ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിച്ചതായി സ്പെഷൽ ഫോഴ്‌സ് കണ്ടെത്തിയിരുന്നു. സഊദി നിയമം അനുസരിച്ച് പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക.മലിന ജലമോ ദ്രവപദാർഥങ്ങളോ ഏതെങ്കിലും പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയോ ഒഴുക്കിക്കളയുകയോ ചെയ്യുന്നവർക്ക് മൂന്ന് കോടി റിയാൽ വരെ പിഴയോ 10 വർഷം വരെ തടവോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. ചെയ്യുന്ന പ്രവർത്തിയുടെ കാഠിന്യമനുസരിച്ചായിരിക്കും ശിക്ഷ ലഭിക്കുക.