ജയ്പൂര്‍: രാജസ്ഥാനിലെ ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ വിജിലന്‍സ് സംഘത്തിലെ സീനിയര്‍ ഓഫിസര്‍മാരാണ് കുടുങ്ങിയത്. നീം കാ താനെ ജില്ലയിലെ കോലിഹാന്‍ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് ജീവനക്കാരുടെ സംഘം ഖനിയില്‍ കുടുങ്ങുകയായിരുന്നു.
മൂന്നു പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അപകടത്തില്‍ ചില ജീവനക്കാര്‍ക്ക് പരുക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഖനിയില്‍ 100 മീറ്റര്‍ താഴ്ചയിലാണ് ആളുകള്‍ കുടുങ്ങി കിടക്കുന്നത്.
അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പൊലിസ് സൂപ്രണ്ട് പ്രവീണ്‍ നായിക് പറഞ്ഞു. ഇതുവരെ അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശത്തെ എം.എല്‍.എ ധര്‍മപാല്‍ ഗുജ്ജാര്‍ പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സുകളും മറ്റ് രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് എത്തി. ഇതുവരെ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല. എല്ലാവരേയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമികാന്വേഷണത്തില്‍ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഖനിയില്‍ പരിശോധനക്കായാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയര്‍ പൊട്ടി ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
ചീഫ് വിജിലന്‍സ് ഓഫിസര്‍ ഉപേന്ദ്ര പാണ്ഡെയും, ഖേത്രി കോപ്പര്‍ കോംപ്ലക്‌സ് ജി.ഡി ഗുപ്ത, കൊലിഹാന്‍ മൈന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ.കെ ശര്‍മ എന്നിവര്‍ ഖനിയില്‍ കുടുങ്ങിയവരില്‍ ഉള്‍പെടുന്നു. സംഘത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.#RAJASTHAN