കൽപറ്റ: സംസ്ഥാനത്ത് പാൽ ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയിൽ ക്ഷീരവികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ വഴി ഇതുവരെ രജിസ്റ്റർ ചെയ്തത് 47,600 ക്ഷീരകർഷകർ. 2,50,500 ലിറ്ററോളം പാലാണ് 56 ക്ഷീരസംഘങ്ങളിലൂടെ പ്രതിദിനം ജില്ലയിൽ സംഭരിക്കുന്നത്. പ്രതിദിനം ഒരു കോടിയിലധികം രൂപയാണ് പാൽ വിലയായി കർഷകർക്ക് ലഭിക്കുന്നത്.
ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതി, തീറ്റപ്പുൽകൃഷി വികസന പദ്ധതി, ക്ഷീരസംഘങ്ങൾക്കുള്ള സഹായം, ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ, വയനാട് പാക്കേജ്, ഗുണനിയന്ത്രണ ലാബ് ശാക്തീകരണം, കാലിത്തീറ്റ ധനസഹായം എന്നീ പദ്ധതികളിലായി 5.43 കോടി രൂപ മുൻവർഷം ജില്ലയിൽ ചെലവഴിച്ചിട്ടുണ്ട്.#wayanad