അബുദാബി: വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതും അവരുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഓർമ്മിപ്പിച്ച് അബുദാബി ജുഡീഷ്യൽ വകുപ്പ്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് ജുഡീഷ്യൽ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. സോഷ്യൽ മീഡിയ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ വലിയ തോതിൽ ഉയരുന്നുണ്ടെന്നാണ് കണക്ക്. നിരവധി പേരാണ് സ്വകാര്യത ലംഘനത്തിന് ഇരയാകുന്നത്. അതുകൊണ്ട് നിയമം കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
2021ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34ന്റെ ആർട്ടിക്കിൾ 44 പ്രകാരം ഇത്തരം കുറ്റകൃത്യം നടത്തുന്നവർക്ക് ആറ് മാസം തടവും 150,000 ദിർഹം ( 33,90428 രൂപ) മുതൽ 500,000 ദിർഹം ( 1,13,01429 രൂപ) വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് ‘മസൂലിയ’ എന്ന പേരിൽ ക്യാമ്പയിനും ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വീഡിയോ പ്രചാരണം ശക്തമാക്കിയിരുന്നു.
സ്വകാര്യത ലംഘിക്കുന്ന കുറ്റകൃത്യങ്ങൾ എന്തൊക്കെ?
1, ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.
2, ഒരു വ്യക്തിയുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിടുന്നത്.
3, ഒരു വ്യക്തിയെ ദ്രോഹിക്കുക എന്ന ഉദ്ദേശ്യത്തോടെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്.
4, അപകടത്തിൽ പരിക്കേറ്റവരുടെയോ മരണപ്പെട്ടവരുടെയോ ചിത്രങ്ങൾ അവരുടെയോ ബന്ധുക്കളുടെയോ സമ്മതമില്ലാതെ പ്രചരിപ്പിക്കുന്നത്.
5, ഒരു വ്യക്തിയുടെ സഞ്ചാരം ആവരുടെ സമ്മതമില്ലാതെ ട്രാക്ക് ചെയ്യുന്നതും നിരീക്ഷിക്കുന്നതും.