കോട്ടയം: യുവതിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മാടപ്പള്ളി പൻപുഴ അറയ്ക്കൽ വീട്ടില്‍ സനീഷ് ജോസഫാണ് ഭാര്യ സിജി (35) യെ ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതിയെ തെങ്ങണയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
സിജി പ്രതിയുടെ രണ്ടാം ഭാര്യയാണ്. ഇവർ തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുൻപ് സനീഷ് ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്നു. സനീഷ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സിജിയെ കൊലപ്പെടുത്തിയത്.
ദമ്പതികളുടെ വീടിന് സമീപത്തെ ഇടവഴിയിൽ നിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് സിജിയെ മരിച്ച നിലയിൽ കണ്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന സനീഷ് അയൽക്കാരെ ഭീഷണിപ്പെടുത്തി മാറ്റി നിർത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ മൊഴി നൽകിയത്. ‘കൊന്നു, ഇനി പൊലീസിനെ വിളിച്ചോ’ എന്ന് പറഞ്ഞതിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ഒമ്പത് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കഴിഞ്ഞ ജൂലായ് ആറിനാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ഇവർക്ക് നാലുവയസ്സുള്ള ഒരു കുട്ടിയുണ്ട്. സിജി കുറച്ച് ദിവസങ്ങൾക്ക് മുൻപ് മറ്റൊരാളെ വീഡിയോ കോൾ ചെയ്യുന്നത് കണ്ട് സനീഷ് ചോദ്യംചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായത്. ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന തുണിക്കടയിലെ സെയിൽസ് സ്റ്റാഫാണ് സിജി. സനീഷ് വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവറായും ജോലിചെയ്തിരുന്നു.