കൊട്ടാരക്കര: വാളകം ബഥനി കുരിശടിക്കു സമീപം മൂന്ന് ചോരകുഞ്ഞുങ്ങളെ മൂന്ന് തവണയായി ഉപേക്ഷിച്ചിട്ടും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടത് ഗൗരവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
2018 ഡിസംബർ 7നാണ് ആദ്യ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അത് ഏറെ ചർച്ച ചെയ്യപ്പട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പിന്നീട് 2022ൽ അതേസ്ഥലത്ത് വീണ്ടും ഒരു നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. അതോടെ പള്ളി അധികൃതർ കുരിശടിക്ക് സമീപം സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. എന്നിട്ടും ജനുവരി 17ന് മറ്റൊരു കുഞ്ഞിനെ അവിടെ കണ്ടെത്തി. നാട്ടുകാരും പള്ളി അധികൃതരും ക്യാമറ പരിശോധിച്ചപ്പോൾ രാത്രി രണ്ടുമണിയോടെ ആയൂർ ഭാഗത്തു നിന്ന് ഒരു സ്കൂട്ടർ കുരിശടിക്ക് സമീപമെത്തി മദ്ധ്യവയസ്ക്കനായ ഒരാൾ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചശേഷം കൊട്ടാരക്കര ഭാഗത്തേക്കു വണ്ടി ഓടിച്ചുപോയതായി കണ്ടു.
തെളിവുകൾ കിട്ടിയിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു. പൊതു പ്രവർത്തകനായ വാളകം സ്വദേശി അലക്സ് മാമ്പുഴ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. അന്വേഷണം എങ്ങുമെത്താതാതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നതിന് പിന്നിൽ ഏതോ മാഫിയാ സംഘമുള്ളതായി പരാതിക്കാരൻ ആരോപിച്ചിരുന്നു.