ബംഗളൂരു: ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. അതിനാലാണ് കേരളത്തില്‍ ഇപ്പോഴും ഇടത് സര്‍ക്കാറില്‍ തങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും ദേവഗൗഡ വ്യക്തമാക്കി. കേരളത്തില്‍ പാര്‍ട്ടിക്ക് എം.എല്‍.എമാരുണ്ട്. അതിലൊരാള്‍ മന്ത്രിയാണ്. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്‍ട്ടി എം.എല്‍.എ ഇപ്പോഴും മന്ത്രിയായി തുടരുന്നത്- ദേവഗൗഡ പറഞ്ഞു. ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം പോയത് പര്‍ട്ടിയെ രക്ഷിക്കാന്‍ ആണെന്ന് കേരള മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.