മലപ്പുറം: കരിപ്പൂരില്‍ നിന്ന് ഹജ്ജിനായി വലിയ വിമാനങ്ങളുടെ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യവുമായി തീര്‍ത്ഥാടകര്‍. അമിത വിമാനനിരക്കില്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. വിമാനനിരക്ക് കുറച്ചില്ലെങ്കില്‍എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റണമെന്നും തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്നു.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്ത വിമാനത്താവളമാണ് കരിപ്പൂര്‍. സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോകുന്ന തീര്‍ഥാടകരില്‍ 60 ശതമാനത്തിലധികം പേര്‍ കരിപ്പൂരാണ് എംപാര്‍ക്കേഷന്‍ പോയന്റായി നല്‍കിയത്.
മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം പണം നല്‍കി വേണം യാത്ര നടത്താന്‍. സാധരണഗതിയില്‍ അപേക്ഷ സമയത്ത് നല്‍കിയ എംപാര്‍ക്കേഷന്‍ പോയിന്റ് മാറ്റിനല്‍കാറില്ല. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് എംപാര്‍ക്കേഷന്‍ പോയിന്റ് മാറ്റി നല്‍കണമെന്ന് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് ചെയര്‍മാനും എസ്.വൈ.എസ് നേതാവുമായ അബ്ദു സമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ എണ്ണവും കൂടി കാണിച്ചാണ് ടെണ്ടര്‍ ക്ഷണിച്ചത്. കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ ഹജ്ജ് തീര്‍ഥാടകരുടെ ഇരട്ടി യാത്രക്കാര്‍ ഉണ്ടായിട്ടും ടിക്കറ്റ് നിരക്കില്‍ ഒരു കുറവും വരുത്താന്‍ എയര്‍ ഇന്ത്യ തയ്യറായിട്ടില്ല. ഹജ്ജ് യാത്രക്കെങ്കിലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്നും അനുമതി നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കും.
നെടുമ്പാശ്ശേരി , കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടി ടിക്കറ്റ് നിരക്കാണ് കരിപ്പൂരില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരിക. ഈ വര്‍ഷത്തെ ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വിമാന സര്‍വീസിനായി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ നിയന്ത്രണമുള്ളതിനാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ തയ്യാറായത്.#karipur