മനാമ: അടുത്ത അറബ് ലീഗ് ഉച്ചകോടിക്ക് ബഹ്റൈൻ ആതിഥ്യമരുളുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂഗൈഥും ആഭ്യന്തര മന്ത്രിയും ഉച്ചകോടി അജണ്ട സെറ്റിങ് കമ്മിറ്റി തലവനുമായ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും ചർച്ച ചെയ്തു.
കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ അഹ്മദ് അബൂഗൈഥ് ഹമദ് രാജാവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹ്റൈനിലേക്ക് അദ്ദേഹത്തെ സ്വാഗതംചെയ്ത ആഭ്യന്തര മന്ത്രി അറബ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു.
മേഖല അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനും എല്ലാ മേഖലകളിലും അറബ് രാജ്യങ്ങൾ യോജിച്ച പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും അറബ് ലീഗിന്റെ പങ്ക് വളരെ വലുതാണ്.
പരസ്പര സഹകരണത്തോടെയും നയതന്ത്ര വഴികളിലൂടെയും മേഖലയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ശാന്തിയും സമാധാനവും ശക്തിപ്പെടുത്താനും കഴിയുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു.
ഉച്ചകോടിയിൽ ചർച്ചചെയ്യുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ധാരണയായി.
കൂടിക്കാഴ്ചയിൽ പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി, സെക്യൂരിറ്റി കൾചർ ആൻഡ് ഇൻഫർമേഷൻ ഡയറക്ടറേറ്റ് മേധാവി എന്നിവരും സന്നിഹിതരായിരുന്നു.