തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ കേസിൽ പ്രോസിക്യൂട്ടറും പ്രതിഭാഗത്തോടൊപ്പം. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഐ.പി.സി 124-ാം വകുപ്പാണ് ചുമത്തിയതിയത്. ‘സർവകലാശാല സെനറ്റിലേക്ക് ഗവർണർ താൽപര്യമുള്ളവരെ നാമനിർദേശം ചെയ്തതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. നിയമനം നടന്ന് ദിവസങ്ങൾക്കുശേഷമായിരുന്നു പ്രതിഷേധം. നിയമനം നേരത്തെ കഴിഞ്ഞതിനാൽ പ്രതിഷേധം മാത്രമായേ ഇതിനെ കാണാനാകൂ, മറ്റ് രീതിയിൽ വ്യാഖ്യാനിക്കാനാകില്ല’ എന്നാണ് അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംമ്പള്ളി മനു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വാദിച്ചത്. ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം കൊടുക്കരുതെന്നുമായിരുന്നു വാദം. ചെയ്യാനിരിക്കുന്ന നടപടികൾ തടസ്സം വരുത്തണമെന്ന ഉദ്ദേശത്തോടെ കുറ്റം ചെയ്താലേ ഐ.പി.സി 124 നിലനിൽക്കൂ എന്നാണ് എ.പി.പി ഉന്നയിച്ചത്. ഗവർണറുടെ കാർ കേടുവരുത്തിയത് പൊതുമുതൽ നശിപ്പിക്കലാണ്. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്നും അദ്ദേഹം വാദിച്ചു.
ഗവർണർക്ക് നേരെയുണ്ടായത് പ്രതിഷേധം മാത്രമാണെന്നും ആക്രമണം നടത്തിയിട്ടില്ലെന്നുമുള്ള ആദ്യദിവസത്തെ വാദം പ്രതിഭാഗം അഭിഭാഷകനും ജില്ല മുൻ പ്രോസിക്യൂട്ടറുമായ എ.എ. ഹക്കിം ബുധനാഴ്ചയും ആവർത്തിച്ചു. ഗവർണർ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോകുകയായിരുന്നെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടില്ല. വിദ്യാർഥികൾ പ്രതിഷേധം നടത്താറുണ്ട്. ഗവർണറുടെ കാറിന് നാശനഷ്ടം ഉണ്ടായെങ്കിൽ തുക കെട്ടിവെക്കാന്‍ തയാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ കാശ് കെട്ടിവെച്ചാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു.