ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധിക്കിടയിലും കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി കുടിയേറ്റം തകൃതിയായി നടക്കുകയാണ്. നയതന്ത്ര പ്രതിസന്ധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠന വിസകള്‍ അനുവദിക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടാക്കിയിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാനഡയില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ പൂര്‍ത്തികരിച്ചാല്‍ വിസ ലഭിക്കാനുള്ള സാധ്യത ഇപ്പോഴും കൂടുതലാണെന്ന് ചുരുക്കം. ഇന്ത്യയില്‍ നിന്ന് അപേക്ഷിക്കുന്ന 85 ശതമാനം മുതല്‍ 95 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്കും കാനഡ സ്റ്റുഡന്റ് വിസ അനുവദിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഗുരുതരമായ പ്രശ്‌നങ്ങളോ മതിയായ യോഗ്യതയോ ഇല്ലാത്ത ചുരുക്കം ചില വിസകള്‍ മാത്രമാണ് തള്ളപ്പെടുന്നത്. ഐഇഎല്‍ടിഎസില്‍ ബാന്‍ഡ് 6 സ്‌കോര്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോലും പഠന വിസ ലഭിക്കുന്നുണ്ട്. PTE പരീക്ഷയില്‍ പോലും, 60 സ്‌കോറാണ് മാനദണ്ഡം. എന്നാല്‍ 57, 58, 59 സ്‌കോറുകള്‍ ഉള്ള അപേക്ഷകര്‍ക്കും കാനഡ വിസ നല്‍കുന്നുണ്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കം ഉയര്‍ന്നുവന്നതിന് ശേഷവും വിദ്യാര്‍ത്ഥികളുടെ വിസ അനുവദിക്കുന്ന നിരക്ക് 90 മുതല്‍ 95% വരെയാണെന്നാണ് പഞ്ചാബിലെ ഐഇഎല്‍ടിഎസ്, പിടിഇ പരിശീലന സ്ഥാപനങ്ങളുടെ പ്രധാന കേന്ദ്രമായ ദോബ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു.