നെടുമ്പാശേരി: യാത്രക്കാരൻ സ്പാനറിന്റെയും ട്രിമ്മറിന്റേയും മാതൃകയിലെത്തിച്ച 24ലക്ഷം രൂപയുടെ അനധികൃത സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മസ്‌കറ്റിൽനിന്ന് ജിദ്ദ വഴിയെത്തിയ യാത്രക്കാരനാണ് ഇത്തരത്തിൽ 454ഗ്രാം സ്വർണം കൊണ്ടുവന്നത്. ഇയാളുടെ ബാഗേജ് സ്‌ക്രീൻ ചെയ്തപ്പോൾ സംശയം തോന്നി സാധനങ്ങൾ പൊട്ടിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.
അതേസമയം ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടുകോടിയോളം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. നവംബർ 19ന് പുലർച്ചെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് കൈതപറമ്പ് സ്വദേശി സുഹൈബ് (34), തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സർ (28) എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
1959 ഗ്രാം തൂക്കം വരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി ഫ്ളാസ്‌ക്കിനുള്ളിൽ ഒളിപ്പിച്ചാണ് സുഹൈബ് കടത്താൻ ശ്രമിച്ചത്. സ്വർണം ലയിപ്പിച്ച ലായനിയിൽ ലുങ്കികൾ മുക്കി, ഉണക്കിയെടുത്ത് ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് അഫ്സൽ കടത്തിയത്. ഇത്തരത്തിലുള്ള 10 ലുങ്കികൾ ഇയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്തു. ഇതിന്റെ തൂക്കം ഒരുകിലോഗ്രാമിൽ കൂടുതൽ വരുമെന്ന് അധികൃതർ പറഞ്ഞു.