ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ വിതരണം അപകടകരമാം വിധം കുറഞ്ഞുവരികയാണ്
ജനീവ: ഗസ്സയിലെ ആശുപത്രികളിലെ ഇന്ധനം അപകടകരമായ നിലയില്‍ തീര്‍ന്ന നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ഗസ്സയിലെ കൂട്ടമരണത്തിന് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുമായി യു.എന്‍. ജനറേറ്ററുകള്‍ക്ക് 24 മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനുള്ള ഇന്ധനമില്ല. ജനറേറ്ററുകള്‍ നിലച്ചാല്‍ വന്‍ ദുരന്തമാണുണ്ടാവുക യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജനറേറ്ററില്ലാതെ ആശുപത്രികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങി പ്രാഥമികമായ കാര്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. യു.എന്നിന്റെ ഹ്യുമാനിറ്റേറിയന്‍ ഓഫിസ് ചൂണ്ടിക്കാട്ടുന്നു. ഗസ്സ വരള്‍ച്ചയിലാണ്. യു.എന്നിന്റെ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി വക്താവ് ജൂലിയറ്റ് ടോമ ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ ഈജിപ്തുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്തതിനെത്തുടര്‍ന്ന് ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ വിതരണം അപകടകരമാം വിധം കുറഞ്ഞുവരികയാണ്. തങ്ങളുടെ ഷെല്‍ട്ടറുകളില്‍ ഇനി വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി: ‘ഗസ്സയെ കഴുത്തു ഞെരിച്ച് കൊല്ലുന്നു… ഗസ്സയില്‍ ജീവന്‍ ഇല്ലാതാകുന്നു.’ യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉപരോധത്തെ തുടര്‍ന്ന് ഗസ്സയില്‍ ശുദ്ധജലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കുറഞ്ഞുവരികയാണ്. ഇസ്‌റാഈലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ യുഎന്നും മറ്റ് മാനുഷിക ഏജന്‍സികളും സഹായത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ, ആസന്നമായ ആക്രമണത്തെക്കുറിച്ച് ഇസ്‌റാഈല്‍ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗസ്സ മുനമ്പിലെ സ്ഥിതിഗതികള്‍ അതിവേഗം വഷളായി. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടുന്നു. ഉപാധികളില്ലാതെ ബന്ദികളെ ഉടന്‍ ഹമാസ് മോചിപ്പിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയുടെ ആവശ്യം. ഗസ്സയിലെ സാധാരണക്കാര്‍ക്ക് മാനുഷിക സഹായത്തിനായി ഇസ്‌റാഈല്‍ വേഗത്തിലും തടസ്സമില്ലാതെയും പ്രവേശനം നല്‍കണമെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടുന്നു.