മുംബയ്: പാനി പൂരി, ഐസ്ക്രീം തുടങ്ങി തടവുകാർക്കായി ജയിൽ ക്യാന്റീനിൽ പുതിയ വിഭവങ്ങൾ ഒരുക്കുന്നു. മാത്രമല്ല. ടീഷർട്ട്, ഹെയർ ഡൈ തുടങ്ങിയവയും നൽകും. മഹാരാഷ്ട്രയാണ് തടവുകാരുടെ മാനസികാരോഗ്യത്തിനായി പുതിയ പദ്ധതി നടപ്പാക്കുന്നത്. വിനോദത്തിനായി ഉൾപ്പെടെ 173 വസ്തുക്കളാണ് പുതുതായി ചേർത്തത്.
അച്ചാർ, കരിക്ക്, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പാനിപൂരി, ഐസ്ക്രീം, പഴങ്ങൾ തുടങ്ങിയ അതിൽ ചിലത് മാത്രം. ഫേസ്‌വാഷുകൾ, ഹെയർ ഡൈകൾ, ബർമുഡ, പുകയിലയുടെ ആസക്‌തി ഇല്ലാതാക്കാൻ മരുന്നുകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ തടവുകാരുടെ മാനസികനില തകർക്കുന്നു എന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നും എ.ഡി.ജി.പി അമിതാഭ് ഗുപ്‌ത പറയുന്നു.
മാനസികാരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമാണ് നടപടി. ഭക്ഷണമുൾപ്പെടെ വിപുലീകരിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്. ഈ മാസം ആദ്യം ഉത്തർപ്രദേശിലും ഇത്തരത്തിൽ മാറ്റം വരുത്തിയിരുന്നു. മതഗ്രന്ഥങ്ങളുൾപ്പെടെ വായിക്കാൻ നൽകുകയും സാഹിത്യ വാസന പ്രോത്സാഹിപ്പിക്കുകയും ചെയ്തു.