ഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട് . മഹാരാഷ്ട്ര നിയമസഭയിൽ നിന്നുള്ള രാജിക്കത്ത് അദ്ദേഹം സമർപ്പിച്ചതായാണ് വിവരം.
പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വൻ തിരിച്ചടിയാണ് അശോക് ചവാന്റെ കൂറുമാറ്റം. കോൺഗ്രസിൽ നിന്ന് രാജിവെച്ച് അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ദി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. കോൺഗസിൽ നിന്ന് രാജി വെച്ച് ശിവസേനയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറയ്ക്ക് ശേഷം പാർട്ടിയിൽ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മഹാരാഷ്ട്ര കോൺഗ്രസ് നേതാവാണ് ചവാൻ. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് കൂടുതൽ ദുർബലമായി.
അതിനിടെ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും മുൻ എം.പിയുമായ നാനാ പടോലെയുടെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ചവാന്റെ രാജി എന്നാണ് വിവരം. താൻ ബി.ജെ.പി.യിൽ ചേരുമെന്ന വാർത്തകൾ നേരത്തേ ചവാൻ തള്ളിക്കളഞ്ഞിരുന്നു.#ashok-chavan