ഭുവനേശ്വർ : കഴിഞ്ഞദിവസം കുവൈറ്റിനെ കീഴടക്കിയ ആവേശത്തിൽ ഇന്ത്യൻ ഫുട്ബാൾ ടീം ഇന്ന് ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ ഖത്തറിനെ നേരിടാനിറങ്ങുന്നു. ഇന്ന് രാത്രി ഏഴുമണിമുതൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
ഈ മാസം 16ന് കുവൈറ്റ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യൻ ജയം.75-ാം മിനിട്ടിൽ മൻവീർ സിംഗാണ് ഗോൾ നേടിയത്. വെറ്ററൻ താരം സുനിൽ ഛെത്രി, മലയാളി താരം സഹൽ അബ്ദുൽ സമദ്. സന്ദേശ് ജിംഗാൻ, രാഹുൽ ഭെക്കെ , നിഖിൽ പൂജാരി, മൻവീർ സിംഗ് തുടങ്ങിയവരാണ് ഇന്ത്യയുടെ മുന്നണിപ്പോ
രാളികൾ. ജൂൺ-ജൂലായ് മാസങ്ങിളിലായി ഇന്റർ കോണ്ടിനെന്റൽ കപ്പും സാഫ് കപ്പും നേടിയ ഇന്ത്യൻ ടീം മികച്ച ഫോമിലായിരുന്നു. ഏഷ്യൻ ഗെയിംസിന് യുവതാരങ്ങളെ അയച്ചെങ്കിലും മെഡൽ നേടാനായില്ല. അടുത്തവർഷം ആദ്യം നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ സംഘത്തിന്റെ മുന്നൊരുക്കങ്ങൾകൂടിയാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ.
കഴിഞ്ഞ ലോകകപ്പിന് ആതിഥ്യം വഹിച്ച ഖത്തർ യോഗ്യതാ റൗണ്ടിൽ കഴിഞ്ഞദിവസം 8-1ന് അഫ്ഗാനിസ്ഥാനെ തകർത്താണ് ഇന്ത്യയിലേക്ക് വരുന്നത്. പോർച്ചുഗീസ് ,ഇറാൻ ടീമുകളുടെയും റയൽ മാഡ്രിഡ് ക്ലബിന്റെയും മുൻ കോച്ച് കാർലോസ് ക്വിറോസാണ് ഖത്തറിന്റെ പരിശീലകൻ. 2015ൽ ഇറാന്റെ പരിശീലകനായി ക്വിറോസ് ഇന്ത്യയിൽ വന്നിട്ടുണ്ട്.