ഗുരുവായൂർ: ഗുരുവായൂരിൽ വഴിയോരത്ത് കൈക്കുഞ്ഞിനെ മാറോട് ചേർത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്ന ധന്യയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി തന്റെ മകളുടെ വിവാഹത്തിന് മുല്ലപ്പൂവ് നൽകാൻ ധന്യയെ ഏൽപ്പിച്ചിരുന്നു.
മുല്ലപ്പൂവ് നൽകുമ്പോൾ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ച് ഒരുവട്ടംഅച്ഛാന്ന് വിളിക്കണമെന്ന് ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ധന്യയിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
‘ഞാൻ എന്റെ അച്ഛനെ കണ്ടിട്ട് രണ്ടര വർഷമായി. കല്യാണം കഴിഞ്ഞ ശേഷം ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും, അച്ഛന്റെയടുത്ത് പോകുമ്പോൾ അച്ഛൻ എന്നോട് സംസാരിക്കാൻ കൂട്ടാക്കാറില്ല. സുരേഷേട്ടനെ കാണുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ച് അച്ഛാന്ന് വിളിച്ചോട്ടെയെന്ന് അദ്ദേഹത്തോട് ചോദിക്കട്ടെയെന്ന് ഞാൻ ചേട്ടനോട് ചോദിച്ചു. ആയിക്കോട്ടെ, നീ ചെയ്‌തോന്ന് ചേട്ടൻ പറഞ്ഞു. പക്ഷേ അദ്ദേഹം എന്റെ അടുത്തുവന്നപ്പോൾ എനിക്ക് ഒന്നിനും സാധിച്ചില്ല. ഇപ്പോഴും ഞാൻ പറയുന്നു, ആ മുല്ലപ്പൂവ് ഏൽപ്പിക്കുമ്പോൾ എനിക്കൊന്ന് കെട്ടിപ്പിടിക്കണം. അച്ഛാന്ന് ഒരുവട്ടം വിളിക്കണം. വലിയ ആഗ്രഹമാണ്.’- ധന്യ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് ഗുരുവായൂരിലെത്തിയ സുരേഷ് ഗോപി ധന്യയേയും ഭർത്താവിനെയും കുഞ്ഞിനെയും കണ്ടത്. ധന്യ കുഞ്ഞുമായി ക്ഷേത്രനടയിൽ നിൽക്കുന്നത് വേദനയുള്ള കാഴ്ചയാണെന്നും പക്ഷേ,അത് അവർക്ക് ഒഴിവാക്കാൻ പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഹൃദ്രോഗിയായ സനീഷിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ മുല്ലപ്പൂവ് കച്ചവടം നടത്തുന്നത്. വാടകയ്ക്ക് താമസിക്കുന്ന ധന്യയോടും കുടുംബത്തോടും ഒഴിയാൻ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടു പോകുമെന്നറിയാതെ പ്രതിസന്ധിയിലാണ് ഈ കുടുംബം.